തീരാനൊമ്ബരമായി ഗസ്സയില്‍ കാല്‍ലക്ഷം അനാഥ കുരുന്നുകള്‍
ഒരു മാസമായി ഇൻകുബേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ഹന്ന അബൂഅംശ ഒരിക്കല്‍പോലും മാതൃസ്പർശമറിഞ്ഞിട്ടില്ല. ഇനി അനുഭവിക്കുകയുമില്ല. ഇസ്രായേല്‍ തൊടുത്ത മിസൈല്‍ വീടിനുമുകളില്‍ പതിച്ച് മാതാവ് പിടഞ്ഞുവീഴുമ്ബോള്‍ സിസേറിയൻ വഴി പുറത്തെടുത്തതായിരുന്നു ഹന്നയെ. പേരുവിളിക്കാൻ, ജന്മം നല്‍കിയവള്‍ ജീവനോടെ ബാക്കിയായില്ല. ദെയ്ർ അല്‍ബലഹിനെ ആശുപത്രി ജീവനക്കാരായിരുന്നു മാതാവിന്റെ പേരുചേർത്ത് വിളിച്ചത്. ഹന്ന ഇപ്പോഴുമുണ്ട്, കൊതിയോടെ മാതാവിനെ കാത്ത് ആശുപത്രി കിടക്കയില്‍.
ഗസ്സ സിറ്റി: ഒരു മാസമായി ഇൻകുബേറ്ററിന്റെ സഹായത്തോടെ കഴിയുന്ന ഹന്ന അബൂഅംശ ഒരിക്കല്‍പോലും മാതൃസ്പർശമറിഞ്ഞിട്ടില്ല.
ഗസ്സയില്‍ ഇസ്രായേല്‍ നാലു മാസത്തോളമായി തുടരുന്ന വംശഹത്യയില്‍ 11,500 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു. ഇസ്രായേല്‍ ബോംബുകള്‍ തകർത്ത കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരു വിവരവുമില്ലാതെ അനേകായിരം വേറെ. പരിക്കേറ്റ്, അതും ഒരിക്കല്‍ പോലും എഴുന്നേറ്റ് നില്‍ക്കാമെന്ന പ്രതീക്ഷയില്ലാതെ ആശുപത്രികളിലും തമ്ബുകളിലുമായി അതിലേറെ പേർ.
ഇതിനൊക്കെ പുറമെയാണ് യൂറോ- മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ പുറത്തുവിടുന്ന മറ്റൊരു കണക്ക്. മാതാപിതാക്കളെ പൂർണമായോ ഒരാളെയോ നഷ്ടപ്പെട്ട 24,000ത്തിലേറെ കുരുന്നുകള്‍ ഗസ്സയില്‍ മാത്രമുണ്ടെന്ന് സംഘടന പറയുന്നു. നട്ടെല്ലിന് ക്ഷതമേറ്റ് ആശുപത്രിക്കിടക്കയില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ കഴിയുന്ന 10 വയസ്സുകാരൻ ഇബ്രാഹിം അബൂ മൂസ അതിലൊരുവനാണ്. മാതാവും പിതാമഹനും സഹോദരിയും നഷ്ടമായത് അവനറിയുന്നത് ഏറെ വൈകിയാണ്. ആശുപത്രിയില്‍ മറ്റൊരിടത്ത് അവരും ചികിത്സയിലാണെന്നായിരുന്നു ഏറനാള്‍ അവനെ വിശ്വസിപ്പിച്ചത്. എന്നാല്‍, പിതാവിന്റെ ഫോണ്‍ വെറുതെ തുറന്നുനോക്കിയപ്പോള്‍ കണ്ട ചിത്രങ്ങളാണ് അവനെ യാഥാർഥ്യത്തിലേക്ക് കണ്ണുതുറപ്പിച്ചത്.
അല്‍ബുറൈജ് അഭയാർഥി ക്യാമ്ബില്‍ മാതാവിന്റെ മടിയിലാണ് മിസൈല്‍ പതിച്ചതെന്നും ദിവസങ്ങളെടുത്താണ് അവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പെറുക്കിയെടുത്തതെന്നും മറ്റൊരു അനാഥനായ ആബിദ് ഹുസൈൻ പറയുന്നു. ഉമ്മയും ഉപ്പയും ഒന്നിച്ചാണ് ഒറ്റ മിസൈലില്‍ അവർക്ക് നഷ്ടമായത്. ഇതിന്റെ കടുത്ത വേദനകള്‍ക്കിടയില്‍ ഭക്ഷണവും കുടിവെള്ളവുമില്ലാത്ത പ്രയാസം കൂടിയാകുമ്ബോള്‍ എന്തു ചെയ്യുമെന്നാണ് അവരെ കുഴക്കുന്നത്. റൊട്ടിയുണ്ടാക്കാൻ ഗോതമ്ബുപൊടി വാങ്ങാൻ പോയപ്പോഴായിരുന്നു കിൻസ ഹുസൈന്റെ പിതാവ് കൊല്ലപ്പെട്ടത്.
കണ്ണുകള്‍ വീണുപോയ മൃതദേഹം മുന്നില്‍ കിടത്തിയ കാഴ്ച കിൻസയെ ഇപ്പോഴും വേട്ടയാടുന്നുണ്ട്. 17 ലക്ഷം പേർ അഭയാർഥികളായ ഗസ്സയില്‍ മുതിർന്ന ആരും നോക്കാനില്ലാത്ത 19,000 കുട്ടികളുടെ പരിചരണമാണ് ഏറ്റവും വലിയ വേവലാതിയെന്ന് കുട്ടികള്‍ക്കായുള്ള യു.എൻ സംഘടന യൂനിസെഫ് പറയുന്നു. പലരെയും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് പെറുക്കിയെടുത്തതാണെന്നും ആരോരുമില്ലാത്തവരാണെന്നും സംഘടനയുടെ ഫലസ്തീൻ പ്രതിനിധി ജെനാഥൻ ക്രിക്ക് പറയുന്നു. ചെറുപൈതലുകള്‍ പലർക്കും പേരുപോലും പറയാനറിയാത്തതിനാല്‍ തിരിച്ചറിയല്‍ പോലും ദുഷ്‍കരമായ അവസ്ഥ.